കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ എത്തിയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദം പടിഞ്ഞാറേക്കും വടക്കു പടിഞ്ഞാറേക്കും 16 കിലോമീറ്റർ നീങ്ങി ചുഴലിക്കാറ്റായി മാറിയതായാണ് വകുപ്പ് ഇന്നലെ അറിയിച്ചത്.

ഒഡീഷ, ആന്ധ്ര തീരത്തേക്ക് ‘അസാനി’ കടക്കാൻ ഇടയില്ലെന്നും തീരത്തിനു സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണു പുതിയ പ്രവചനം. തുടർന്നു ശക്തി കുറയുമെങ്കിലും മറ്റൊരു ചുഴലിക്കാറ്റിനു രൂപം നൽകിയേക്കാം. കാറ്റിന്റെ വേഗം അടുത്ത ദിവസങ്ങളിലായി 115 കിലോമീറ്റർ വരെ ഉയരാം.

‘അസാനി’’യുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒപ്പം മിന്നലും ശക്തമായ കാറ്റുമുണ്ടാകും. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല.