ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ സഹജീവികള്‍ക്ക് ഏറെ നന്മകള്‍ ചെയ്ത നിതിന്‍ എന്ന മനുഷ്യ സ്‌നേഹി

നിതിന്‍ ചന്ദ്രന്റെ മരണം കേരളത്തിനും പ്രവാസ ലോകത്തിനും തീരാനഷ്ടമായിരിക്കുകയാണ്. പ്രവാസ ലോകത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നയാളാണ് നിതിന്‍. നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചശേഷം സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏവരുടെയും നെഞ്ച് പൊള്ളിക്കുകയാണ്. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന മരണം അപ്രതീക്ഷിതമായി നിതിനെ പ്രവാസ ലോകത്ത് നിന്ന് കവര്‍ന്നെടുത്തു. അടുത്ത ദിവസം തന്നെ നിതിന്റെ സഹധര്‍മ്മിണി ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം നമ്മുടെ സങ്കടക്കടലിന് ആഴം കൂട്ടി- അഷറഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

അഷറഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

നിതിന്‍ പ്രവാസ ലോകത്ത് നിന്ന് യാത്രയായി. ഗര്‍ഭിണികളായ സ്ത്രീകളുടെ നാട്ടിലേക്കുള്ള മടക്കത്തിന് അടിയന്തിര നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യയിലെ പരമോന്നത കോടതിയില്‍ നിയമ പോരാട്ടം നടത്തിയ പ്രവാസികളുടെ പ്രിയപ്പെട്ട നിതിന്‍ പ്രവാസ ലോകത്ത് നിന്ന് യാത്രയായി. കോടതി വിധിയെ തുടര്ന്ന് ആദ്യ വിമാനത്തില്‍ ഗര്‍ഭിണിയായ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ അവസരം ലഭിച്ച സുഹൃത്ത് നിതിന്‍ മറ്റൊരാള്‍ക്ക് അവസരം കിട്ടുന്നതിന് സ്വയം മാറിക്കൊടുക്കുകയായിരുന്നു.

ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന മരണം അപ്രതീക്ഷിതമായി നിതിനെ പ്രവാസ ലോകത്ത് നിന്ന് കവര്‍ന്നെടുത്തു. അടുത്ത ദിവസം തന്നെ നിതിന്റെ സഹധര്‍മ്മിണി ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം നമ്മുടെ സങ്കടക്കടലിന് ആഴം കൂട്ടി. നീതിന്റെ ഭൌതിക ശരീരം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് രണ്ട് ദിവസമായി നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ട് വിശ്രമമില്ലാതെ ഒടുകയായിരുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ സഹജീവികള്‍ക്ക് ഏറെ നന്മകള്‍ ചെയ്ത നിതിന്‍ എന്ന മനുഷ്യ സ്‌നേഹിയുടെ സല്‍ പ്രവൃത്തികള്‍ മൂലമാകാം എല്ലാ തടസ്സങ്ങളും വഴി മാറിപ്പോയി ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത് . മറ്റു വിമാനങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ ഷാര്‍ജയില്‍ നിന്ന് ഇന്ന് രാത്രി 11.30 നുള്ള എയര്‍ അറേബ്യയുടെ ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ട് പോകാന്‍ മാനേജര്‍ രഞ്ജിത്തിന്റെ സഹായം മൂലം സാധ്യമായി. മടക്കമില്ലാത്ത ലോകത്തേക്ക് നിതിന്‍ യാത്രയായെങ്കിലും ചെയ്ത നന്മകള്‍ മൂലം നമ്മുടെ മനസ്സില്‍ എന്നും ജീവിച്ചിരിക്കും.

https://www.facebook.com/Ashrafthamaraserysocialworker/photos/a.1179416262424840/1252334968466302/?type=3&theater