പിതാവിന്റെ മടിയില്‍ കിടന്ന് മകന്റെ അന്ത്യശ്വാസം, പ്രവാസി ലോകത്ത് തീരാ നോവ്

ജീവിതത്തിലെ പല സ്വപ്‌നങ്ങളും തേടിയാണ് പ്രവാസ ലോകത്തേക്ക് പലരും പോകുന്നത്. എന്നാല്‍ ചിലര്‍ക്ക് പാതിവഴിയില്‍ ഈ സ്വപ്‌നങ്ങള്‍ എല്ലാം അവസാനിക്കും. ഇത്തരത്തില്‍ 21കാരന്റെ മരണമാണ് പ്രവാസ ലോകത്ത് തീര വേദനയായിരിക്കുന്നത്. പിതാവിനെ ജോലി സ്ഥലത്ത് കൊണ്ട് വിടാന്‍ പോകവെയാണ് 21കാരനായ യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. വാഹനം വഴിയരികില്‍ ഒതുക്കി നിര്‍ത്തി പിതാവിന്റെ മടിയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുകയായിരുന്നു യുവാവ്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയാണ് ഈ നോവ് പങ്കുവെച്ചത്.

അഷ്‌റഫ് താമരശേരിയുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് മലയാളികളായ 7 സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഏറെ സങ്കടം തോന്നിയ വിഷയം അടൂര്‍ സ്വദേശി റോബിന്റെ വിയോഗമാണ്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പിതാവിനെ കൊണ്ട് വിടാന്‍ പോയതായിരുന്നു ഇരുപത്തിയൊന്ന് കാരനായ ഈ യുവാവ്. യാത്രാ വഴിയില്‍ റോബിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ വാഹനം വഴിയരികില്‍ ഒതുക്കി നിര്‍ത്തിയെങ്കിലും പിതാവിന്റെ മടിയില്‍ കിടന്ന് ഈ മകന്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈ വിഷയം കേട്ടത് മുതല്‍ മനസ്സ് വല്ലാതെ നൊമ്പരപ്പെടുകയാണ്.

അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന മകനാണ് നഷ്ടപ്പെട്ടത്. അതും സ്വന്തം മടിയില്‍ വെച്ച്. ഒരു പിതാവിന് ഇതെങ്ങനെ സഹിക്കാനാകും എന്ന് ആശങ്കപ്പെടുകയാണ് അതേ പ്രായത്തിലൊരു മകനുള്ള ഞാനും. എന്തൊക്കെ തന്നെയായാലും വിധിക്ക് മുന്നില്‍ നാം വെറും നിസ്സഹായര്‍ മാത്രം. മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും ഉറ്റവര്‍ക്കും ക്ഷമയും സഹനവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.