ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് അപകടം സംഭവിച്ചതെന്ന് അശ്വിനി വൈഷ്ണവ്

ബാലസോര്‍. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് ട്രെയിന്‍ അപകടം സംഭവിച്ചതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രാക്ക് ഇന്ന് തന്നെ പുനസ്ഥാപിക്കുവനാണ് ശ്രമം നടക്കുന്നത്.

ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയും ഭുവനേശ്വറില്‍ എത്തി. ഭുവനേശ്വര്‍ എയിംസില്‍ എത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ച് ബാലസോറിലേക്ക് പോകും. അതേസമയം മരണ സംഖ്യ300 ലേക്ക് അടുക്കുകയാണ്. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 പേരുടെ മൃതദേഹം കണ്ടെത്തി. അതേസമയം രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായതായി എന്‍ഡിആര്‍എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പരിശ്രമങ്ങള്‍ ഒഡീഷയിലെ ബാലസോറില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തില്‍ 1000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി രാത്രിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

അരകടത്തില്‍ പെട്ട് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍ നിന്നും നീക്കി. തകര്‍ന്നപാലം പുനസ്ഥാപിക്കുവാനുള്ള നീക്കം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകള്‍, നാല് ക്രെയിനുകള്‍ എന്നിവ എത്തിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്.