പത്രത്തില്‍ പോസ്റ്റര്‍ വന്നപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്, ആസിഫ് അലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നായകന് പുറമെ സഹനടനായും വില്ലനായുമൊക്കെ ആസിഫ് തിളങ്ങി. പരാജയ ചിത്രങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് പോരായ്മകള്‍ തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കാന്‍ ആസിഫ് ശ്രമിച്ചു. മുന്‍നിര സംവിധായകര്‍ക്ക് ഒപ്പമെല്ലാം താരം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തന്റെ അദ്യ ചിത്രത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍.

പത്ര പരസ്യം കണ്ടപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്നാണ് ആസിഫ് പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ ക്യാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറിയതും ആസിഫ് അലി പറഞ്ഞു.

‘ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷന്‍ നടന്നത്. ഓഡീഷന് പോയി സെലക്ഷന്‍ കിട്ടി. വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്’.’പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാള്‍ എന്നാണ് അന്ന് ഉപ്പ പറഞ്ഞത്’

മോഹന്‍കുമാര്‍ ഫാന്‍സ്, ആണും പെണ്ണും തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സില്‍ അതിഥി വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. കുഞ്ഞെല്‍ദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, മഹേഷും മാരുതിയും, മഹാവീര്യര്‍ തുടങ്ങിയവയാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.