ജസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ജസ്നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്കു നൽകാനുള്ള പാരിതോഷികം രണ്ടിൽ നിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തിയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. ആദ്യം ലോക്കല്‍ പോലീസന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതാണ്.

ജസ്നയെ സംബന്ധിച്ച വിവരങ്ങള്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 94979 90035 എന്ന ഫോണ്‍ നമ്പരിലോ [email protected] എന്ന ഇമെയിലിലോ നല്‍കണമെന്നു പത്തനംതിട്ട എസ്പി. അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റു വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി.നാരായണന്‍ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈ എസ് പി ആര്‍.ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍ ഇമ്മാനുവല്‍ പോള്‍ ( ഡിവൈ എസ് പി , കാഞ്ഞിരപ്പള്ളി), എന്‍.സി.രാജ്‌മോഹന്‍ ( ഡിവൈ എസ് പി, കട്ടപ്പന), സാബു കെ.എസ് (ഡിവൈ എസ് പി,സബ്ബ് യൂണിറ്റ് പത്തനംതിട്ട ) ലാല്‍ജി (എ സി പി , കൊച്ചി സിറ്റി) എം എസ് സന്തോഷ് ( എ സി പി , ക്രൈം ഡിറ്റാച്ച്‌മെന്റ്, തിരുവനന്തപുരം സിറ്റി) സേവ്യര്‍ സെബാസ്റ്റ്യന്‍( ഡിവൈ എസ് പി, സി ബി സി ഐ ഡി. എച്ച് എച്ച് ഡബ്ല്യൂ,സബ്ബ് യൂണിറ്റ് കോട്ടയം) എം ഐ ഷാജി ( സി ഐ പെരിനാട്) റ്റി രാജപ്പന്‍ ( സി ഐ തിരുവല്ല) അനന്തലാല്‍ ( സി ഐ , സെന്ട്രല്‍, കൊച്ചി സിറ്റി), സുനില്‍ കുമാര്‍ ഹ( സി ഐ എരുമേലി) ബാബു ഡേവിസ് ( ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്ല്യൂ 2 സബ്ബ് യൂണിറ്റ് എറണാകുളം) പ്രദീപ് കുമാര്‍ (ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്യൂ 2 സബ്ബ് യൂണിറ്റ്, കോട്ടയം ) സി ദിനേശ് കുമാര് ( എസ് ഐ വെച്ചൂച്ചിറ) എന്നിവരാണ്.