ദേശീയപാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് കോടീശ്വരനായി, ആസാം സ്വദേശി അറസ്റ്റിൽ

കൂലിപ്പണി യുടെ മറവിൽ കേരളത്തിൽ മോഷണം നടത്തി കോടികൾ സമ്പാദിച്ചു കൂടിയ അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ മുനവ്വർ അലി എന്ന അസം സ്വദേശി ,വാടകയ്യ്ക് ഗോഡൗൺ എടുത്താണ് തന്റെ മോശം ബിസിനസ് ചെയ്തു കൊണ്ടിരുന്നത്. പന്തീരങ്കാവിൽ പതിവു പോലീസ് പട്രോളിങ്ങിനിടെ ചുരുളഴിഞ്ഞത് കോടിക്കണക്കിന് രൂപയുടെ കവർച്ച. ദേശീയപാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു വിറ്റ് കേരളത്തിൽ കൂലിപ്പണിക്ക് എത്തിയ അസം സ്വദേശിയായ യുവാവ് സമ്പാദിച്ചത് കോടികളാണ്.

യുവാവ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് അരികിൽ ഒരു സൈക്കിൾ റിക്ഷ ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം നടത്തിയ പരിശോധനയിൽ ദേശീയപാത നിർമ്മാണ സാമഗ്രികൾ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണമാണ് കോടിക്കണക്കിന് രൂപയുടെ കവർച്ച വെളിച്ചത്തു കൊണ്ടുവന്നത്. മുഖ്യപ്രതി മുനവർ അലിയും കൂട്ടാളിയും ഇവ കവർച്ച ചെയ്ത് കൊണ്ടു പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരുടെ താമസ സ്ഥലത്തെത്തി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തു.

മോഷണമുതലുകൾ സൂക്ഷിക്കാൻ പ്രതികൾ അറുപതിനായിരം രൂപ വാടകയുള്ള ഗോഡൗണും വാടകക്ക് എടുത്തിരുന്നു. ഇവിടെ നിന്ന് ഒൻപത് ലക്ഷം രൂപയുടെ മോഷണ സാധനങ്ങളാണ് പൊലീസ് പിടികൂടിയത്. മിക്കതും ദേശീയ പാത നിർമ്മാണ സാമഗ്രികൾ. കഴിഞ്ഞ ദിവസം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന കവർച്ച മുതലുകൾ ലോറിയിൽ കയറ്റി കൊണ്ടുപോയെന്നും പൊലീസിന് അറിയാനായി.കവർച്ചക്ക് ഉപയോഗിച്ച ആറ് സൈക്കിൾ റിക്ഷകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുനവർ അലിക്ക് പുറമെ രഹന, മിലൻ, മൊയ്മൽ അലി, ഐമൽ അലി എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോടിക്കണക്കിന് രൂപയുടെ മോഷണത്തിന്റെ ചുരുളഴിച്ചത്.

കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും ഉയര്‍ന്ന വേതനവുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ ഇന്ത്യ പേജ് റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥിരമായ ഉയര്‍ന്ന വേതനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കാര്‍ഷികേതര തൊഴിലുകള്‍ക്ക് 690 രൂപയ്ക്ക് മുകളിലാണ് കൂലി. 2001 വരെ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നത് പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നതായാണ് കണക്ക്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണവും രജിസ്‌ട്രേഷനും നടപ്പിലാക്കുന്നത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളെ സംബന്ധിച്ച വിവരം തൊഴില്‍ വകുപ്പിന് ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ നിയമ പ്രകാരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമല്ല എന്നതാണ് കാരണം. അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കേരളത്തില്‍ കൊണ്ട് വരുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഇന്‍റര്‍‌സ്റ്റേറ്റ് മൈഗ്രൈന്‍റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ രജിസ്‌ട്രേഷന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍: കേരളത്തിലേക്ക് തൊഴിലിനായി എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വൃത്തിയോടു കൂടിയുള്ള താമസ സൗകര്യത്തിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമായി വിവിധ പദ്ധതികളാണ് തൊഴില്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഡീസല്‍ ജനറേറ്റര്‍, സിസിടിവി അടക്കം സംവിധാനങ്ങളോടു കൂടിയ ഹോസ്റ്റലുകളുകള്‍ എന്നിവ അപ്‌ന ഘര്‍ എന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 620 കിടക്കകളുള്ള അപ്‌ന ഘര്‍ ഹോസ്റ്റല്‍ പാലക്കാട് തയ്യാറായിട്ടുണ്ട്. ഇതുപോലെ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയതാണ് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി.