അസം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായി. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. ദാരംഗില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിട്ടിരുന്നു. വീണു കിടക്കുന്ന ഇയാളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ബിജോയ് ബോണിയ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലിസിനൊപ്പം നിന്നാണ ഫോട്ടോഗ്രാഫര്‍ പ്രതിഷേധക്കാര്‍ക്കു നേരെ അക്രമം കാണിച്ചത്. അതേസമയം അറസ്റ്റിലായ ഫോട്ടോഗ്രാഫര്‍ അസം സിഐഡിയുടെ കസ്റ്റഡിയിലാണുള്ളതെന്ന് ഡിജിപി വ്യക്തമാക്കി.

വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് 800 കുടുംബങ്ങളെ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും വെടിവെപ്പിലേക്ക് നീങ്ങുകയും ചെയ്തത്. എന്നാല്‍ അനധികൃതമായി വെട്ടിപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.