2020ല്‍ ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണ്, അശ്വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തി കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളികളുടെ ഹൃദയത്തിനുള്ളില്‍ കടന്നു കൂടിയ താരമാണ് അശ്വതി. അടുത്തിടെ അഭിനയ രംഗത്തും താരം സജീവമായി. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലാണ് അശ്വതി അഭിനയിക്കുന്നത്. പുതിയൊരു വര്‍ഷം തുടങ്ങുമ്പോള്‍ കഴിഞ്ഞ് പോയ കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് അശ്വതി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് കരുതി പോയൊരു വര്‍ഷമാണ് കടന്ന് പോവുന്നതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അശ്വതി പറയുന്നത്,.

അശ്വതിയുടെ കുറിപ്പ് വായിക്കാം., ‘നരകത്തിന്റെ മുന്നില്‍ പരസ്യം വയ്ക്കുന്ന പോലത്തെ ഐറ്റവുമായിട്ടാണ് 2020 തുടങ്ങിയത്. പിന്നങ്ങോട്ട് ഒരു സന്തോഷത്തിന് ഒരു സങ്കടമെന്ന ലോക പ്രശസ്ത റേഷ്യോ തെറ്റിച്ച് ഒരു സന്തോഷത്തിന് പന്ത്രണ്ട് സങ്കടങ്ങള്‍ എന്ന കണക്കിനാണ് ദിവസങ്ങള്‍ വന്നു പോയത്. ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ വര്‍ഷമാണ്.

ഒത്തിരി പേരുടെ സങ്കടം കേട്ട വര്‍ഷമാണ്. ദൂരെയായിട്ടും ഒരുപാട് പേരോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്. സൈക്കോളജിസ്റ്റിന്റെ മുറി മുതല്‍ ക്യാന്‍സര്‍ വാര്‍ഡു വരെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കയറിയിറങ്ങിയ വര്‍ഷമാണ്. ടോക്‌സിക്ക് റിലേഷന്‍സില്‍ നിന്ന് മാറി നില്‍ക്കാന്‍ സ്വയം പഠിപ്പിച്ച വര്‍ഷമാണ്.

സന്തോഷം ഒരു ആഡംബരമായ വര്‍ഷമാണ്. അതിജീവനത്തിന്റെ വര്‍ഷമാണ്. മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. 2021 എന്ത് തേങ്ങയും കൊണ്ടാണ് വരുന്നതെന്ന് അറിയില്ല. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നതാണ് ഇപ്പോള്‍ ആപ്ത വാക്യം. അതുകൊണ്ട് നുമ്മ പൊളിക്കും. ചിരിക്കും. സെല്‍ഫിയും എടുക്കും. Happy 2021.

NB : മൂഡ് സ്വിങ്ങില്‍ കൈ വിട്ട് ആടി കളിച്ചപ്പോള്‍ വീഴാതെ പിടിച്ച കൂട്ടുകാര്‍ക്ക് നന്ദി. കൂടെ ആടിയവനും’