കലാപത്തിനും വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു: തിയോഡേഷ്യസിനെതിരെ പോലീസ്

തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷത്തില്‍ സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എഫ്‌ഐആര്‍. ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറില്‍ പറയുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. അബ്ദുറഹിമാനെതിരായ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. ഐഎഎന്‍എല്ലിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജന സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.

സമരക്കാര്‍ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച ഫാ.തിയോഡേഷ്യസ്, ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി അബ്ദുറഹിമാനെന്നു ആരാേപിച്ചിരുന്നു. അബ്ദുറഹിമാന്‍ മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണു വിചാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ ഒരു തീവ്രവാദിയുണ്ട്. അദ്ദേഹം സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. വിഴിഞ്ഞത്ത് അഴിഞ്ഞാടിയത് മന്ത്രിയും അദ്ദേഹത്തിന്റെ സിപിഎം ഗുണ്ടകളുമാണ്. ദേശീയ പതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദ്രോഹിയെന്നു വിളിക്കുന്നതെന്നും തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞിരുന്നു.