അസഭ്യം പറച്ചില്‍, നടുവിരല്‍ ഉയര്‍ത്തി കാണിക്കല്‍; ബിഗ് ബോസിനെതിരെ കുടുംബ പ്രേക്ഷകര്‍

കൊച്ചി : ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 അരോചകമായി മാറുന്നു എന്ന് കുടുംബ പ്രേക്ഷകരുടെ വിമര്‍ശനം.കൊച്ചു കുട്ടികള്‍ പോലും കാണാനിടയാകുന്ന ഷോയില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ തെറിവിളിയും അസഭ്യം വര്‍ഷവും ലൈംഗിക ചേഷ്ട കാണിക്കലും തുടങ്ങിയവയാണ് അണിയറ പ്രവര്‍ത്തകര്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ ആരോപിക്കുന്നത്. വൈകിട്ട് കുടുംബ സമ്മേതം ടെലിവിഷന്റെ മുന്നിലെത്തുമ്പോള്‍

ബിഗ് ബോസ് ഷോയാണ് കാണാനിടയാകുന്നതെന്നും, എന്നാല്‍ അത് മിനിസ്ക്രീന്‍ പ്രേക്ഷകരെ ടിവി ഓഫാക്കാന്‍ പ്രേരിപ്പിക്കും വിധം പരിപാടി മാറിയെന്നണ് വിമര്‍ശനം.

ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ഷോയില്‍ കഴിഞ്ഞ ദിവസം വീക്കിലി ടാസ്കായ ‘ബിഗ് ബോസ് കോടതി’ക്ക് പിന്നാലെയാണ് മത്സരാര്‍ഥികള്‍ തമ്മിലുള്ള അസഭ്യ വര്‍ഷത്തിന് വഴിയൊരുങ്ങിയത്. പുതിയ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ റിയാസ് സലീമും വിനയ് മാധവും ജഡ്ജിമാരായ ടാസ്കില്‍ ലക്ഷ്മിപ്രിയയുടെ ചായയില്‍ ഈച്ച വീണ സംഭവത്തിനെതിരെ കിച്ചണ്‍ ടീമിന്റെ ക്യാപ്റ്റന്‍ റോണ്‍സണ്‍ പരാതി നല്‍കി. ചായയില്‍ ഈച്ച വീണെന്ന് ലക്ഷ്മിപ്രിയ പരാതി പറഞ്ഞെന്നും എന്നാല്‍ തെളിവ് സഹിതം ലക്ഷ്മിപ്രിയ അറിയിച്ചില്ലയെന്നുമായിരുന്നു റോണ്‍സണിന്റെ പരാതി. റോണ്‍സണിനായി നിയമവിദ്യാര്‍ഥിനിയും കൂടിയായ നിമിഷയാണ് വാദിക്കാനെത്തിയത്.

കേസിന്റെ വാദത്തിനിടയില്‍ ലക്ഷ്മിപ്രിയയ്ക്കായി ഹാജരായ സാക്ഷി ഡോ.റോബിന്റെ വാക്ക് പിഴച്ചത് കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി വിലയിരുത്തി. ലക്ഷ്മിപ്രിയ ചായ ഒഴിച്ച്‌ കളയുമ്ബോള്‍ ചത്ത ഈച്ച ഗ്ലാസിന്റെ അടിയില്‍ കിടക്കുന്നത് കണ്ടു എന്ന റോബിന്‍ പറഞ്ഞത് തെറ്റാണെന്ന് നിമിഷ വാദിക്കുകയും കോടതി അത് അംഗീകരിക്കുകയായിരുന്നു. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാല്‍ ലക്ഷ്മിപ്രിയയെ കിച്ചണ്‍ ഡ്യൂട്ടിലേക്ക് നിയമിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ കോടതിയില്‍ മോശമായി പെരുമാറിയതിന് സാക്ഷിയായ റോബിനെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ രണ്ട് പ്രാവിശ്യം തവള ചാട്ടത്തിനും ജഡ്ജി വിധിക്കുകയും ചെയ്തു. അതേസമയം ജഡ്ജിമാരുടെ വിധി ന്യായമല്ലെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

അതിനിടെ ബിഗ് ബോസിന് പുറത്തുള്ള കാര്യം വീടിനുള്ളിലേക്ക് റിയാസ് വലിച്ചിഴക്കുകയും ചെയ്തുയെന്ന് ഡോ.റോബിന്റെ ആരാധകര്‍ ആരോപിക്കുന്നു. റോബിന്‍-ദില്‍ഷ-ബ്ലെസ്ലി ട്രൈയാങ്കിള്‍ ലൗ ആണ് നടക്കുന്നതെന്ന് റിയാസ് എടുത്തടിച്ച്‌ പറഞ്ഞത് ബിഗ് ബോസിന്റെ നിയമങ്ങളുടെ ലംഘനമാണെന്നാണ് റോബിന്റെ ആരാധകര്‍ ആരോപിക്കുന്നത്. റിയാസ് ഇക്കാര്യം പറഞ്ഞതോടെ വിഷയത്തില്‍ ദില്‍ഷയും ഇടപ്പെട്ടു, ശേഷം വാക്ക്പോര് ഇരുവരും തമ്മിലായി. ഇത്തരത്തില്‍ ഷോയിലെ സന്ദര്‍ഭങ്ങള്‍ എത്തുമ്ബോള്‍ മത്സരാര്‍ഥികളുടെ വാക്കുകളും ചേഷ്ടകളും അതിരുകടക്കുന്നുയെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. നേരത്തെ ജാസ്മിന്റെയും റോബിന്റെയും ലക്ഷ്മിപ്രിയയുടെയും പുറത്തായ നവീന്റെയും ഡെയ്സിയുടെ വായില്‍ നിന്ന് പല തവണയായി അസഭ്യ വര്‍ഷങ്ങള്‍ വന്നപ്പോള്‍ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ പുറത്താക്കുമെന്ന് വാര്‍ണിങ് നല്‍കിയിരുന്നു.

കോടതിയുടെ ശിക്ഷയ്ക്കെതിരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് റോബിന്‍ പ്രതികരിച്ചത്. തവള ചാട്ടം നടത്തിയപ്പോള്‍ ഡോ. റോബിന്‍ നടുവിരല്‍ ഉയര്‍ത്തികൊണ്ട് ചാടിയത് കോടതിക്ക് നേരെയുള്ള വ്യക്തിഹത്യയായി മാറി. പിന്നീട് ഇത് ശിക്ഷവിധിച്ച റിയാസും റോബിനും തമ്മിലുള്ള വാക്ക് പോരിന് വഴിവെക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അങ്ങോട്ടമങ്ങോട്ടും അസഭ്യ വര്‍ഷം തുടര്‍ന്നപ്പോള്‍ അവരുടെ സംഭാഷണങ്ങള്‍ക്ക് തുടരെ തുടരെ ബിപ് ശബ്ദം അണിയറ പ്രവര്‍ത്തകര്‍ നല്‍കി.