യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോവളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിെയ ഓട്ടോയില്‍ വെച്ച് കടന്നു പിടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അജിന്‍ എന്ന 26 കാരനാണ് പിടിയിലായത്. ഓട്ടം വിളിച്ച പെണ്‍കുട്ടിയുമായി സഞ്ചരിക്കുന്നതിനിടെയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു.

2020 ഡിസംബറിലാണ് സംഭവമുണ്ടായത്. കടന്നു പിടിച്ചതുമായി ബന്ധപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും ഓട്ടോ ഡ്രൈവര്‍ എന്ന് മാത്രമാണ് സൂചന നല്‍കിയിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്ന മറ്റൊരു വിവരവും നല്‍കാന്‍ പെണ്‍കുട്ടിക്കായില്ല. മാത്രമല്ല സംഭവത്തിന് ശേഷം പ്രതി സ്ഥലത്തില്ലാതിരുന്നതും അറസ്റ്റ് വൈകാന്‍ കാരണമായതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബിയാണ് പിടിയിലായത്. അടിമാലി എസ്.ഐ. അബ്ദുള്‍ കനിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നു.

ഈ മാസം 12-ന് ഇയാളുടെ കഴുത്തില്‍ കിടന്ന കൊന്തമാല ഊരി പെണ്‍കുട്ടിയുടെ കഴുത്തില്‍ അണിയാന്‍ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. അവിടെ നിന്നാണെ പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.