ഹിന്ദി അറിയാത്തവര്‍ ഇറങ്ങിപ്പോകണം, ആയുഷ് സെക്രട്ടറി

ദില്ലി: ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച് ആയുഷ് സെക്രട്ടറി. ആയുഷ് മന്ത്രലയം സംഘടിപ്പിച്ച വെബിനാറില്‍ ഹിന്ദി അറിയാത്തവര്‍ പുറത്തുപോകാന്‍ ആയുഷ് സെക്രട്ടറി രാജേഷ് കൊട്ടേച്ച ആവശ്യപ്പെട്ടു. ആയുഷ് സെക്രട്ടറിയെ പുറത്താക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനിമൊഴി ആയുഷ് മന്ത്രാലയത്തിന് കത്തെഴുതി. ഇതോടെ ഹിന്ദി ഭാഷ വാദം വീണ്ടും വിവാദമാകുന്നു.

യോഗ മാസ്റ്റര്‍ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് പ്രകൃതിചികിത്സ ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സിലാണ് വീണ്ടും ഹിന്ദി വാദം ഉയര്‍ന്നുവന്നത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെയായിരുന്നു പരിപാടി. മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസിലാകാത്തവര്‍ക്ക് യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്. ഹിന്ദിയില്‍ സംസാരിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്ടര്‍മാര്‍ സന്ദേശമയച്ചിരുന്നു.

എന്നാല്‍, തനിക്കു നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും ഹിന്ദി മനസിലാകാത്തവര്‍ക്ക് മീറ്റിങ്ങില്‍ നിന്നു പോകാമെന്നും ആയുഷ് സെക്രട്ടറിയുടെ പ്രതികരണം.ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച രാജേഷ് കൊട്ടേച്ചക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആയുഷ് സെക്രട്ടറിക്കെതിരെ രംഗത്തെത്തി. ആയുഷ് സെക്രട്ടറിയെ കേന്ദ്രം ഉടന്‍ പുറത്താക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടിട്ടുണ്ട്.