മനഃസാക്ഷിക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ; കെമാല്‍പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാല്‍പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കെമാല്‍ പാഷക്കെതിരെ പരോക്ഷമായി ആഞ്ഞടിച്ച് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും രംഗത്തെത്തി. ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്നത് അല്പന്മാരായ ജഡ്ജിമാരാണെന്ന് അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച വിരമിക്കുന്നതിന് മുന്‍പ് ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു ആരുടെയും പേര് പറയാതെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ വിമര്‍ശനം.

എന്നെ ഞാനാക്കിയ ഹൈക്കോടതിക്ക് ഞാന്‍ ഒരു കേടും വരുത്തില്ല. മഹാന്മാരായ ജഡ്ജിമാര്‍ ഇരുന്ന ഈ സ്ഥാപത്തില്‍ ചില അല്‍പ്പന്മാരായ ജഡ്ജിമാര്‍ കോടതിയുടെ പേര് കളയുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ തിങ്കഴാള്ചയിലെ യാത്ര അയപ്പ് ചടങ്ങില്‍ വെച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം.