ജയിലില്‍ പോയ കേസില്‍ മരിച്ചയാളെ കണ്ടിട്ടു പോലുമില്ല, ബാബുരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ അദ്ദേഹം സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തു. പിന്നീട് കാണാനായാത് ബാബുരാജ് എന്ന നടനയും സഹനടനെയും ഒക്കെയായിരുന്നു. അടുത്ത് റിലീസായ ജോജി എന്ന ചിത്രത്തിലെ ജോമോന്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

പലപ്പോഴും ബാബുരാജിന്റെ സിനിമയ്ക്ക് വെളിയിലുള്ള ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കോളജ് പഠന കാലത്ത് ജയിലില്‍ കിടന്ന കഥ പലപ്രാവശ്യം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ബാബുരാജ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ തന്റെ മനസ് തുറന്നത്.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ, മഹാരാജാസിലെ ജീവിതം മറക്കാന്‍ പറ്റില്ല. തനിക്ക് വേണ്ടി ഒരുകാലത്തും ഒരു പ്രശ്‌നവും താന്‍ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെയാണ് കോളേജ് കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളില്‍ പലവട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ചയാളെ താന്‍ കണ്ടിട്ട് പോലുമില്ല.

ഒരു തീയേറ്റര്‍ ജീവനക്കാരന്‍ ആയിരുന്നു മരിച്ചയാള്‍. രാഷ്ട്രീയമാനം ഉള്ളതിനാലായിരുന്നു തന്നെ അതില്‍ പെടുത്തിയത്. ആ കേസില്‍ 85 ദിവസം ജയിലില്‍ കിടന്നു. അതിന് ശേഷമാണ് കോടതി വെറുതെ വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ശിക്ഷിച്ച ജഡ്ജിയെ കണ്ടു. ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അവരോട് താന്‍ എന്തിനാണ് മാഡം എന്നെ ശിക്ഷിച്ചതെന്ന് ചോദിച്ചു. സാഹചര്യം പ്രതികൂലം ആയിരുന്നുവെന്നായിരുന്നു അവരുടെ മറുപടി. പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ എന്തിനാണ് പ്രാക്ടീസ് വിട്ടതെന്നും ചോദിച്ചു. താന്‍ ഏഴ് വര്‍ഷത്തോളം ഹൈക്കോടതിയില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്തിരുന്നു, എന്നാല്‍ സിനിമയാണ് പാഷന്‍ എന്ന് മനസിലായതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.