തുറന്നിട്ട ഓടയില്‍ കുട്ടി വീണ സംഭവം; ചികില്‍സച്ചെലവ് ഏറ്റെടുത്ത് മേയർ

കൊച്ചി : പനമ്പിള്ളി നഗറിലെ തുറന്നിട്ട കാനയില്‍ കുട്ടി വീണത് ദുഃഖകരമെന്ന് കൊച്ചി മേയര്‍. ബാരിക്കേഡും സ്ലാബും കഴിയുന്നിടത്തെല്ലാം സ്ഥാപിക്കും. കുട്ടിയുടെ ചികില്‍സച്ചെലവ് വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്നും മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, കുട്ടി ഓടയിൽ വീണ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി ശകാരിച്ച് ഹൈക്കോടതി. സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഓടകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് കനത്ത വീഴ്ച ഉണ്ടായി. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സെക്രട്ടറിയാണ് കോടതിയിൽ ഹാജരായത്. ഓടകള്‍ തുറന്നിടുന്നത് ശരിയാണോയെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്ന് കോടതി വ്യക്തമാക്കി. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചയ്‌ക്കകം ഓടകള്‍ മൂടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.