സെക്യൂരിറ്റിയെ ശകാരിച്ച കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കൊമേഷ്യല്‍ മാനേജര്‍ക്ക് മമ്മൂട്ടി കൊടുത്ത പണി

പലപ്പോഴും സിനിമയില്‍ ഉള്ളതിനേക്കാള്‍ വലിയ നാടകീയ സംഭവങ്ങളും ട്വിസ്റ്റുകളും ഷൂട്ടിംഗ് സ്ഥലങ്ങളില്‍ നടക്കാറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലത്ത് സംഭവിച്ച കാര്യമാണ് പറയുന്നത്. സംഭവത്തില്‍ പണി കിട്ടിയതാകട്ടെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥനും.

ബദറുദ്ദീന്റെ വാക്കുകള്‍, ‘കടല്‍കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. അതിലൊരു സീന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. മമ്മുക്ക വന്നപ്പോഴേക്കും ആളങ്ങ് ജ്വലിച്ചുനില്‍ക്കുവാണ്. എനിക്കങ്ങേരുടെ മുഖത്തു നോക്കി അഭിനയിക്കാനേ കഴിയുന്നില്ല. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍, ഷൂട്ടിംഗിന് സുരക്ഷ ഒരുക്കാന്‍ എത്തിയ സെക്യൂരിറ്റിയെ എയര്‍പോര്‍ട്ടിലെ കൊമേഷ്യല്‍ മാനേജര്‍ വഴക്കു പറയുകയാണെന്ന് പറഞ്ഞു. ഈ സെക്യൂരിറ്റി അടുത്തിടെ മരിച്ചു പോയി. ഉദ്യോഗസ്ഥന് സെക്യൂരിറ്റിയെ വഴക്കുപറയാന്‍ ഒരു അവകാശവുമില്ല. എല്ലാ പെര്‍മിഷനും എടുത്തിട്ടാണ് ഷൂട്ട് തുടങ്ങിയത്.

ഈ വഴക്കിനിടയിലാണ് ഷോട്ട് റെഡിയാണെന്ന് പറഞ്ഞ് മമ്മൂക്കയെ വിളിച്ചത്. അന്നേരം ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു. നിങ്ങളില്‍ ക്ഷമയുള്ളവനാണ് ശക്തിമാന്‍ എന്ന നബി വചനം ഞാന്‍ പറഞ്ഞു. ഇതുകേട്ടതും മമ്മൂക്ക പൊട്ടിച്ചിരിച്ചു. ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. പക്ഷേ, കൊമേഷ്യല്‍ മാനേജര്‍ക്ക് നല്ലൊരു പണികൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഉദ്യോഗസ്ഥന്റെ ഓഫീസിന് മുന്നില്‍ ഇട്ടിരുന്ന കസേരയില്‍ കയറി ഇരിപ്പായി. കുറച്ചു സമയം കൊണ്ട് ആളുകള്‍ വന്നങ്ങുകൂടി. ഒടുവില്‍ മാനേജര്‍ വന്നിറങ്ങി അകത്തേക്ക് ക്ഷണിച്ചിട്ടുപോലും പോകാന്‍ മമ്മൂക്ക തയ്യാറായില്ല’.