ബംഗാൾ ബനാനാ റിപബ്ളിക് അല്ല, മമതക്ക് അന്ത്യശാസനം നൽകി ഗവർണർ, പുറത്താക്കുമെന്ന് മുന്നറിയിപ്പ്

കൊൽക്കത്ത : പശ്ചിമബംഗാൾ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതക്ക് അന്ത്യശാസനം നൽകി ഗവർണർ സി വി ആനന്ദ ബോസ്. ബംഗാൾ ബനാനാ റിപബ്ളിക് അല്ല എന്നും, സർക്കാർ ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും ഗവർണർ മമതയ്ക്കും നേതാക്കൾക്കും മുന്നറിയിപ്പ് നൽകി.

മമത സർക്കാരിനൊപ്പം എല്ലാരീതിയിലും ഒത്തുപോയിരുന്ന വ്യക്തിയായായിരുന്നു ഗവർണർ സി വി ആനന്ദ ബോസ്. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അതീവ രോക്ഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്.

ശക്തമായ ഭാഷ തന്നെയാണ് സംസ്ഥാനസർക്കാരിന്റെ വിമർശിക്കാൻ ഗവർണർ ഉപയോഗിച്ചത്. തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ഇത്തരം നടപടിക്കെതിരെ എടുക്കുമെന്ന് അദ്ദേഹം സർക്കാരിനെ ഓർമിപ്പിച്ചു. ജനാധിപത്യത്തിന് എതിരെയുള്ള ഇത്തരം നടപടി ഒരു രീതിയിലും അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം നടപടി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പശ്ചിമബംഗാൾ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. റേഷൻ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം. പശ്ചിമബംഗാളിലെ നാേർത്ത് 24 പർഗാനാണ് ജില്ലയിലായിരുന്നു സംഭവം.

വീടിന് സമീപമെത്തിയതോടെ വാഹനം വളഞ്ഞ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുനൂറിലധികം പേരാണ് ആക്രമിച്ചത്. ആക്രമത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിയത്.