പ്രോ-ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ഭർതൃഹരി മെഹ്താബ്

ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി ബിജെപി എംപി ഭർതൃഹരി മെഹ്താബ് ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിക്കുന്ന 18-ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായാണ് പ്രോ-ടേം സ്പീക്കർ ചുമതലയേറ്റത്.

ഏഴുതവണ എംപിയായ ഭർതൃഹരി മെഹ്താബ് ലോക്സഭയിലെ ഏറ്റവും മുതിർന്ന പാർലമെന്റ് അം​ഗമാണ്. എട്ടുതവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയെന്ന ആരോപണം കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉന്നയിച്ചിരുന്നു.

എന്നാൽ പാർലമെന്റിലേക്ക് എത്തിയ ശേഷം തുടർച്ചയായി ഏഴ് തവണ എംപിയായെന്നതാണ് ഭർതൃഹരി മെഹ്താബിന് ചുമതല ലഭിക്കാൻ കാരണമെന്ന് ബിജെപി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് തന്റെ സേവനകാലയളവിൽ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇന്ന് ആരംഭിക്കുന്ന 18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിലാണ് പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ എത്തിച്ചേർന്നു.