സുരേഷ് ഗോപിക്ക് കൂറ്റൻ ജയം,തൃശൂരിലെ ഓപ്പറേഷൻ ലോട്ടസ് മേധാവി ബി രാധാകൃഷ്ണമേനോൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരുടെ മാത്രമല്ല കേരളത്തിലെ സകല മലയാളികളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലമായ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് കൂറ്റൻ ജയം, ലഭിക്കുക 3.85 മുതൽ 4.5ലക്ഷം വോട്ട് എന്ന് ഓപ്പറേഷൻ ലോട്ടസ് മേധാവി ബി രാധാകൃഷ്ണമേനോൻ.

തൃശ്ശൂരിൽ വിജയിക്കുക എന്നുള്ളതാണ് ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയ പ്രവർത്തനവും പ്രചരണവും കൊണ്ട് 3 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചു. ഏകദേശം 18 ദിവസത്തെ പ്രവർത്തനം കൊണ്ടു മാത്രം ലഭിച്ച വോട്ടുകൾ. സംഘടനാപരമായി മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഇത്തവണ കൂടുതൽ വോട്ടുകൾ സുരേഷ്​ഗോപിക്ക് ലഭിക്കും.

മൂന്നര ലക്ഷം മുതൽ 4.5 ലക്ഷം വരെ ലഭിക്കുമെന്ന് പറയുന്നതിന്റെ കാരണം, ഒന്നാമത് ബാങ്കുകളിലെ സിപിഎം കൊള്ള പുറത്തുകൊണ്ടുവന്നതിൽ സുരേഷ്​ഗോപിയുടെ പങ്ക് ജനങ്ങളിൽ നല്ലൊരു തിരിച്ചറിവ് ഉണ്ടാക്കിയിരിക്കുന്നു. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർ പണ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്ന സമയത്ത് അതിനെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്. തുടർന്ന് സിപിഎം എന്ന പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. അതിലൂടെ പുറത്തു വന്നത് ഒരു രാഷ്ട്രീയപാർട്ടി ജനങ്ങളെ എങ്ങനെ കൊള്ളയടിക്കുമെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടാക്കിയെന്നതാണ്. നിക്ഷേപകരായിട്ടുള്ള നൂറുകണക്കിനാളുകൾക്ക് അതൊരു ആശ്വാസമായിരുന്നു. ഇത് തൃശ്ശൂരിലെ സഹകരണ ബാങ്ക് നിക്ഷേപകർക്ക് മാത്രമല്ല, കേരളത്തിലെ നിക്ഷേപകർക്കെല്ലാം ആശ്വാസമായി. ഇത് അദ്ദേഹത്തിന് വോട്ടായി മാറുമെന്നതിൽ സംശയമില്ല.

മറ്റൊന്ന്, പ്രധാനമന്ത്രിയുമായി അ​ദ്ദേഹത്തിനുള്ള വ്യക്തിപരമായ അടുപ്പം. രാഷ്ട്രീയം എന്നതിനപ്പുറം അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിമ്പങ്കെടുത്തതോടെ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിനുള്ള അടുപ്പം ജനങ്ങൾ തിരിച്ചറിഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തോടൊപ്പം നില്ക്കാൻ സുരേഷ്​ഗോപിയെപ്പോലെയുള്ളൊരാൾ ആണ് അധികാരത്തിലെത്തണമെന്ന് ജനങ്ങൾക്ക് തിരിച്ചറിവുണ്ട്. ഇതൊക്കെ തൃശ്ശൂരിൽ സുരേഷ്​ഗോപിയ്ക്ക് വൻപിച്ച ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിക്കും.

കഴിഞ്ഞ തവണത്തെക്കാൾ നല്ലൊരു പ്രവർത്തനവും പ്രചരണവും അദ്ദേഹം ഇത്തവണ നടത്തി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചു. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ , ബാങ്ക് പ്രശ്നങ്ങളിലൂടെ ലഭിക്കുന്ന വോട്ടുകൾ, അദ്ദേഹത്തിന്റെ പ്രവർത്തനംകൊണ്ട് ലഭിക്കുന്ന വോട്ടുകൾ എല്ലാം കൂടെ വൻ വിജയം ഉണ്ടാകും.