യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ജോബൈഡന്‍; മരണം നൂറ് കടന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയില്‍ കനത്ത ആള്‍ നാശം വിതച്ച്‌ കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്. കെന്റക്കി ഗവര്‍ണര്‍ അന്‍ഡേയ് ബെഷെര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് ജോബൈഡന്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശ്‌നബാധിത മേഖലകളില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് ഗവര്‍ണര്‍ പുറത്തുവിട്ടിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരും.

പടിഞ്ഞാറന്‍ കെന്റക്കിയിലെ മേയ്ഫീല്‍ഡിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 70 പേരാണ് മരിച്ചത്. ഇവിടെ ഒരു മെഴുകുതിരി നിര്‍മ്മാണ ഫാക്ടറിയ്‌ക്കുള്ളില്‍ 110പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെയുള്ള കുടുങ്ങിയ ആറ് പേര്‍ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തുടനീളം വീശിയടിച്ച കൊടുങ്കാറ്റ് 55 ദശലക്ഷത്തില്‍ അധികം ആളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ടെന്നിസ്സേയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. മൊനെറ്റെയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഡ്വാര്‍ഡ്‌സ് വില്ലെയിലെ ആമസോണ്‍ കമ്ബനിയുടെ വെയര്‍ഹൗസ് തകര്‍ന്ന് നിരവധി പേര്‍ കുടങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊടുങ്കാറ്റിന് പുറമെ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഞ്ഞ് വീഴ്‌ച്ചയാണ് അനുഭവപ്പെടുന്നത്. തുടര്‍ന്ന് അപകടങ്ങള്‍ പതിവായതോടെ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്