എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറത്തി ബിഹാറില്‍ അധികാരം നിലനിര്‍ത്തി എന്‍ഡിഎ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അധികാരം നിലനിര്‍ത്തി എന്‍ഡിഎ. കേവല ഭീരിപക്ഷമായ 122 സീറ്റുകള്‍ മറികടന്ന എന്‍ഡി എ സഖ്യം 125 സീറ്റുകള്‍ നേടി. ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇതോടെ അധികാരം മഹാസഖ്യത്തിന് വിട്ടുകൊടുക്കാതെ പിടിച്ചെടുക്കുകയായിരുന്നു. മഹാഗഡ്ബന്ധന് 110 സീറ്റുകള്‍ നേടാനേ സാധിച്ചൊള്ളു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്ഭ്രമമാക്കിയാണ് എന്‍ഡിഎ വിജയം പിടിച്ചെടുത്തത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും മഹാഗഡ്ബന്ധന്‍ അധികാരത്തില്‍ എത്തുമെന്നായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാന മണ്ഡലത്തിലെയും ഫലം വന്നത്. ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍ജെഡി നേടിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി. 2015ല്‍ ഇത് 71 സീറ്റുകളായിരുന്നു. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും 19 സീറ്റുകളിലെ ജയം കണ്ടെത്താനായൊള്ളൂ.അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സിപിഐ(എംഎല്‍) 11 സീറ്റ് നേടി.

എല്‍ജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അവസാന നിമിഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട എല്‍ജെപി ജെഡിയുവിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുകയും ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.