അഭയാര്‍ഥി വിസ നേടി ജോലിതേടാനുള്ള നീക്കം ഉണ്ടായിരുന്നില്ല : ബിജു കുര്യന്‍

കണ്ണൂര്‍: ഇസ്രയേലില്‍ കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി കാണാതായി കേരളത്തില്‍ തിരിച്ചെത്തിയ ബിജു കുര്യന്‍ സ്വന്തം വീട്ടിലെത്തി. എന്നാൽ അനധികൃതമായി ഇസ്രയേലില്‍ താമസിക്കാനോ ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അഭയാര്‍ഥി വിസയടക്കം നേടിയെടുത്ത് അവിടെ ജോലി തേടാനുള്ള യാതൊരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും കർഷകൻ പ്രതികരിച്ചു.

രണ്ടുദിവസം കൊണ്ട് പുണ്യസ്ഥലങ്ങള്‍ കണ്ടുവരിക, ശേഷം സംഘത്തിനൊപ്പം തിരിച്ചു ചേരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പോയത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഒരു ദിവസം ജെറുസലേമിലെ പള്ളിയിലായിരുന്നു. പിന്നെ ബത്‌ലഹേമിലാണ് പോയത്. ഇരുസ്ഥലങ്ങളിലും പള്ളിയില്‍ തന്നെയാണ് താമസിച്ചത്. ജെറുസലേമില്‍ നിന്ന് ബത്‌ലഹേമിലേക്ക് പോകുന്ന രണ്ടുപേരുമായി പരിചയപ്പെട്ടു. അവര്‍ മൂഖാന്തരമാണ് വൈകുന്നേരമായപ്പോഴേക്കും കാര്യങ്ങള്‍ അറിയുന്നത്.

വാര്‍ത്തകള്‍ വന്ന സമയത്ത് തിരികെ വരാനുള്ള ശ്രമം താന്‍ നടത്തിയിരുന്നെന്നും ബിജു പ്രതികരിച്ചു. പായം പഞ്ചായത്തില്‍ സ്വന്തമായി സ്ഥലങ്ങളുണ്ടെന്നും ഇവിടെ വാഴയടക്കമുള്ള കൃഷിയുണ്ടെന്നും ബിജു പറഞ്ഞു. താന്‍ കര്‍ഷകന്‍ തന്നെയാണ്, അതിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോയത്. ബിജുവിനെതിരെ സർക്കാർ നിയമനടപടികൾ ഒന്നുംതന്നെ എടുത്തിട്ടില്ലെന്നാണ് വിവരം.