പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്- ബിന്ദു കൃഷ്ണ

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോകുന്നത് ദൗർഭാഗ്യകരമെന്ന് എഐസിസി അംഗം ബിന്ദു കൃഷ്ണ. എല്ലാ അംഗീകാരവും കോൺഗ്രസ്‌ പാർട്ടി നൽകിയതാണ്. ഇ.ഡിയെ പേടിച്ചാണ് ബി.ജെ.പിയിൽ ചേരുന്നത്. ഇ.ഡി പത്മജയുടെ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം പത്മജയുടെ ബി.ജെ.പി പ്രവേശന വാർത്തകൾക്കിടെ തൃശൂരില്‍ കോൺഗ്രസ് നേതാക്കൾ യോഗം ചേരുകയാണ്. ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ രാമനിലയത്തിലാണ് യോഗം. ഡി.സി.സി പ്രസിഡന്‍റ് ജോസ് വെള്ളൂർ, എ.ഐ.സി.സി അംഗം അനിൽ അക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ പത്മജയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന്‍ കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു.

തൃശൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിലും പത്മജക്ക് പ്രതിഷേധമുണ്ട്. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മജ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കും.