ബവ്റിജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തി

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിൽ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തി ഉത്തരവിറങ്ങി. കോർപറേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് ആദ്യഘട്ടത്തിൽ ഇതു നടപ്പിലാക്കിയത്.

270 ഷോപ്പുകളിലും 23 വെയർഹൗസുകളിലും മെഷീൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഡ്യൂട്ടി സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും. ഒരു മാസത്തിൽ 300 മിനിറ്റ് ഗ്രേസ് ടൈം എടുക്കാം. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ ഉപയോഗിക്കാവൂ.

300 മിനിറ്റിൽ അധികമായാൽ അനുവദനീയമായ ലീവ് ആയോ ഹാജരില്ലായ്മ ആയോ കണക്കാക്കും. ഹാഫ് ഡേയ്ക്കു പകരം ഗ്രേസ് ടൈം അനുവദിക്കാം.

ബയോമെട്രിക് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്താൻ കഴിയാതെ വന്നാൽ അതിനുള്ള അപേക്ഷ പൂരിപ്പിച്ച് മേലധികാരി വഴി ബന്ധപ്പെട്ട സെക്ഷനിൽ സമർപ്പിക്കണം. ഓരോ ജീവനക്കാരനും അവധിയെടുത്തതിന്റെ വിവരങ്ങൾ കൃത്യസമയത്ത് ഹാജർ വിഭാഗത്തെ അറിയിക്കണം. പഞ്ചിങ് സമയം പത്തിനും അഞ്ചിനും മധ്യേ അണെങ്കിൽ അന്ന് പകുതി ഹാജർ ആയി പരിഗണിക്കും.