കാട്ടുപോത്തിന്റെ ആക്രമണം, ഇടുക്കിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30നായിരുന്നു ആക്രണം. മംഗളംപാറയിലുള്ള കൃഷിസ്ഥലത്ത് ചെടി നനയ്ക്കാൻ പോയപ്പോൾ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ തങ്കയ്യന്റെ കാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. സമീപപ്രദേശത്ത് ഉണ്ടായിരുന്ന ആദിവാസികളാണ് അന്തോണിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

വനംവകുപ്പ് ഉൾപ്പെടെയുള്ളവർ പലതവണയായി ഇതിന് മുൻപും കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതേസമയം, കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ‌ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്ത് നിന്ന് കോതമംഗലത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.