മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ്. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിന്റെ ഭാഗമാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും വാക്‌പോരും ആരോപണ-പ്രത്യാരോപണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം. എം ഡി എയിലേക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയ്ക്ക് നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസാണ് മേഘാലയയില്‍ പ്രതിപക്ഷത്തുള്ളത്. ബിജെപി ഉള്‍പ്പെട്ട സഖ്യത്തില്‍ച്ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ തന്നെ തുടരട്ടെയെന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വവും കൈക്കൊണ്ടത്. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിനൊപ്പം ചേരുന്നതെന്ന് അഞ്ച് എംഎല്‍എമാരും വ്യക്തമാക്കി. സഖ്യത്തിന്റെ ഭാഗമായ ബിജെപിക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്.

മേഘാലയയിലെ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രതിസന്ധി നേരിട്ടത്. കോണ്‍ഗ്രസിന്റെ 17 എംഎല്‍എമാരില്‍ അഞ്ച് പേര്‍ മാത്രമേ പിന്നീട് പാര്‍ട്ടിയില്‍ ശേഷിച്ചിരുന്നുള്ളൂ. ഈ എംഎല്‍എമാര്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിനൊപ്പം ചേരാന്‍ തീരുമാനമെടുത്തതോടെയാണ് കോണ്‍ഗ്രസിന് ഇതിന് അനുവാദം നല്‍കേണ്ടി വന്നത്. മേഘാലയയുടെ മുന്‍മുഖ്യമന്ത്രി മുകുള്‍ സന്‍ഗ്മ ഉള്‍പ്പെടെയുള്ള പ്രബലരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വന്നതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത്.