നാല് സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റ് നിലനിര്‍ത്തും, പഞ്ചാബില്‍ എഎപി ഒറ്റക്കക്ഷിയാകും; സര്‍വേ ഫലം പുറത്ത്‌

ഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സിവോട്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ബിജെപിക്ക് 403-ല്‍ 259 -267 സീറ്റുകള്‍ കിട്ടുമെന്നും എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

നേതാക്കളില്‍ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സര്‍വ്വേ അഭിപ്രായപ്പെട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേ നിരീക്ഷിക്കുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ ഫലം. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തില്‍ തുടരുമെന്നും എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസും ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയുമാണ് നിലവില്‍ ഭരണത്തില്‍.

ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് 42 ശതമാനം വോട്ടും പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് 30 ശതമാനവും ബിഎസ്പിക്ക് 16 ശതമാനവും കോണ്‍ഗ്രസിന് 5 ശതമാനവും മറ്റുള്ളവര്‍ക്ക് 7 ശതമാനവും വോട്ട് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏറ്റവും ശ്രദ്ധയേറിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്ന വിജയം നേടുമെന്ന സൂചനയാണ് സര്‍വേ ഫലം നല്‍കുന്നത്. 253 മുതല്‍ 267 വരെ സീറ്റുകള്‍ നേടി 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമ്പോള്‍ എസ്പിക്ക് 109-117, ബിഎസ്പി 12-16, കോണ്‍ഗ്രസ് 3-7, മറ്റുള്ളവര്‍ 6-10 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 43 ശതമാനം വോട്ടും കോണ്‍ഗ്രസിന് 23 ശതമാനവും ആം ആദ്മി പാര്‍ട്ടിക്ക് 6 ശതമാനവും മറ്റുള്ളവര്‍ക്ക് 4 ശതമാനവും വോട്ടും ലഭിച്ചേക്കാമെന്ന് സര്‍വേ പ്രവചിക്കുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 39 ശതമാനം വോട്ടും കോണ്‍ഗ്രസിന് 15 ശതമാനവും ആം ആദ്മിക്ക് 22 ശതമാനവും മറ്റുള്ളവര്‍ക്ക് 24 ശതമാനവുമാണ് സര്‍വെയില്‍ പ്രവചിക്കുന്നത്. മണിപ്പൂരില്‍ ബിജെപിക്ക് 40 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചേക്കാമെന്നും കോണ്‍ഗ്രസിന് 35 ശതമാനം വോട്ടും എന്‍പിഎഫിന് 6 ശതമാനം വോട്ടും നേടിയേക്കാമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.