കര്‍ഷകരെ കൊല്ലാക്കൊല ചെയ്ത് പിണറായി സര്‍ക്കാര്‍; പൊട്ടിത്തെറിച്ച് ബിജെപി

കേരളത്തില്‍ വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ബിജെപി. കര്‍ഷക ആത്മഹത്യകളില്‍ പ്രതിസ്ഥാനത്ത് സംസ്ഥാന സര്‍ക്കാരാണ് ബിജെപി കുറ്റപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാതെ പിണറായി സര്‍ക്കാര്‍ തടഞ്ഞ് വെയ്ക്കുകയാണെന്നും. 2500 കോടി രൂപയുടെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് കേന്ദ്രം അനുവദിച്ചത് സംസ്ഥാനം ലാപ്‌സാക്കിയെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു.

കര്‍ഷകര്‍ക്കുള്ള എത്രയോ കേന്ദ്ര ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കര്‍ഷക ആത്മഹത്യകളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി തുറന്നടിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിലും പാലക്കാട് ചിറ്റൂരിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കര്‍ഷക ആനുകൂല്ല്യങ്ങള്‍ കര്‍ഷകരിലേക്ക് എത്താത്തതാണ് കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രധാന കാരണം. കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പല ആനൂകൂല്ല്യങ്ങളും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കര്‍ഷകരിലെത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഫസല്‍ ബീമാ യോജന പോലെയുള്ള വിള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാത്തത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നബാര്‍ഡിന്റെ കാര്‍ഷി ലോണുകള്‍ മൂന്ന് ശതമാനം പലിശയ്ക്ക് കര്‍ഷകന് ലഭിക്കേണ്ടതാണെന്നിരിക്കെ സഹകരണബാങ്കുകളുടെ കള്ളക്കളി കാരണം 18 ശതമാനം വരെ പലിശയാണ് കേരളത്തില്‍ നല്‍കേണ്ടി വരുന്നത്. നബാര്‍ഡിന്റെ സഹായം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം സമീപനം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 കാര്‍ഷിക വിളകളുടെ താങ്ങ് വില ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ നെല്ല് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇ മാര്‍ക്കറ്റിംഗ് സംവിധാനമായ ഇനാം കേരളത്തില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ കൂടിയ വിലയ്ക്ക് ഇന്ത്യയിലെ ഏത് മാര്‍ക്കറ്റിലും കര്‍ഷകന് ഉത്പന്നങ്ങള്‍ വില്‍ക്കാമായിരുന്നു. ബയോമെട്രിക്ക് സംവിധാനത്തില്‍ വള വിതരണം നടപ്പിലാക്കാത്തതു കൊണ്ട് വളത്തിന്റെ വിഹിതം കേരളത്തില്‍ കുറവാണ്. ഇത് ഉത്പാദനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക വിളകളെ മൂല്ല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാന്‍ ഒരു നടപടിയും സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ഫുഡ്പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ വഞ്ചിച്ചു. വന്യമൃഗങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രം അനുവദിച്ച ഫണ്ട് പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ല. 2500 കോടി രൂപയുടെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് കേന്ദ്രം അനുവദിച്ചത് സംസ്ഥാനം ലാപ്‌സാക്കി. എഫ്ബിഒ കള്‍ തുടങ്ങാന്‍ 3500 കോടി കേന്ദ്രം നല്‍കിയിട്ട് കൂടി അത് ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. 400 എഫ്ബിഒകള്‍ തുടങ്ങുമെന്ന് മുന്‍ കൃഷി മന്ത്രി സുനില്‍കുമാര്‍ പറഞ്ഞതല്ലാതെ നടപടികളുണ്ടായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മില്‍മ പാല്‍ വില കൂട്ടിയത് കൊണ്ട് സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയല്ലാതെ കര്‍ഷകന് ഒരു ഗുണവും ചെയ്യില്ല. കാലിത്തീറ്റയുടെ വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കാത്തത് അന്യസംസ്ഥാന കാലിത്തീറ്റ ഉത്പാദകരുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ്. ഈ വില വര്‍ദ്ധനവ് കൊണ്ടും ഇടനിലക്കാര്‍ക്ക് ലാഭം ഉണ്ടാക്കാം എന്നല്ലാതെ കര്‍ഷകന് ഒന്നും കിട്ടുകയില്ല. കര്‍ഷകരിലേക്ക് പണം എത്താതിരിക്കാനുള്ള കാര്യമാണ് മില്‍മ ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 48 മുതല്‍ 52 രൂപ വരെ കര്‍ഷകന് ലഭിക്കേണ്ടതാണ്. ഫലത്തില്‍ മില്‍മയുടെ നിലപാടാണ് കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.