ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി, തുഷാർ വെള്ളാപ്പള്ളിക്ക് സാധ്യത, സുരേഷ്​ഗോപി തൃശ്ശൂരിൽ, ഉണ്ണി മുകുന്ദൻ പത്തനംതിട്ടയിലെന്നും സൂചന

ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിർണയ ചര്‍ച്ചകളിൽ ബിജെപി. ഇടുക്കി എസ്എൻഡിപിക്ക് നൽകിയേക്കും. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനകൾ സജീവമായി നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതേസമയം കുമ്മനം രാജശേഖരനെയും പത്തനംതിട്ട സീറ്റിലേക്ക് പരിഗണിച്ചേക്കും.

‘മാളികപ്പുറം’ ചിത്രം വലിയ വിജയം നേടിയതിന് ശേഷമുള്ള ഉണ്ണി മുകുന്ദന്റെ പ്രതിഛായ മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

ഇടുക്കിയിൽ എസ്എൻഡിപി യോഗം ശക്തമായതിനാലാണ് ബിഡിജെഎസിന് അവസരം നൽകുന്നത്. അതിനാൽ തുഷാർ വെള്ളാപ്പള്ളിക്ക് ഇടുക്കിയിൽ നറുക്ക് വീണേക്കും. സി കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കെ സുരേന്ദ്രന്‍ ഇത്തവണ എവിടെയും സ്ഥാനാര്‍ത്ഥിയായേക്കില്ല. പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കാനാണ് സുരേന്ദ്രന്‍ ഇക്കുറി താല്‍പര്യപ്പെടുന്നത്.

ഏപ്രില്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ കാണാനെത്തിയിരുന്നു. ഒരു മണിക്കൂറോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടുനിന്നിരുന്നു. പ്രധാനമന്ത്രി തന്നില്‍ നിന്ന് എന്താണോ ആഗ്രഹിക്കുന്നത് അത് നല്‍കാന്‍ താന്‍ തയ്യാറാണ് എന്ന നിലപാടാണ് ഉണ്ണി മുകുന്ദനുള്ളതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പാർട്ടിക്ക് പത്തനംതിട്ടയിൽ 50,000 ൽ അധികം വോട്ടുകൾ ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.