കേരളത്തില്‍ മോദി മാജിക്; മൂന്ന് സീറ്റ് ലക്ഷ്യം വെച്ച് ബിജെപി

തിരുവനന്തപുരം. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിക്കുവാന്‍ മോദിമന്ത്രം ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ മുന്നൊരുക്കം. ശബരിമലയും പിന്നോക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്‌നേഹവും ഒന്നും കേരളത്തില്‍ ഏശാത്ത സാഹചര്യത്തിലാണ് മോദിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകുന്നത്. കേരളത്തില്‍ ബിജെപി വിജയം ഉറപ്പിക്കുന്ന തിരുവന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നി ലോക്‌സഭാ മണ്ഡലങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. ഇവ കൂടാതെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുള്ള കാസര്‍കോടും പാലക്കാടും ആറ്റിങ്ങലും ശക്തമായ മത്സരം നടത്തുവാനും തീരുമാനിച്ചു.

ബിജെപിക്ക് നിലവില്‍ 303 സീറ്റാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 450 എന്ന പേരില്‍ പദ്ധതിയും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിജയ പ്രതീക്ഷയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായ 144 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുവനാണ് തീരുമാനം.

തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ശേഷിക്കെയാണ് ബിജെപി മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തിനും വിത്യസ്തമായ പ്ലാനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ മോദിയുടെ പ്രീതിയാണ് മുഖ്യവിഷയം. 35 ശതമാനം വോട്ടര്‍മാര്‍ക്ക് മോദിയെ ഇഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ 200 ഓളം ജനക്ഷേമ പദ്ധതികളില്‍ ഒന്നിന്റെ എങ്കിലും ഗുണഭോക്താക്കളായ രണ്ട് കോടയോളം ജനങ്ങള്‍ കേരളത്തില്‍ ഉണ്ട്. മോദിയുടെ വികസനം, ദേശാഭിമാനം, മികച്ച ഭരണം ലോകത്ത് ഇന്ത്യയുടെ യശസ് എന്നിവ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുവനാണ് ബിജെപിയുടെ തീരുമാനം.