കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കൂറ്റന്‍ ടണലിന്റെ മേല്‍മൂടി അമിത മര്‍ദത്തെത്തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. റെഡിമിക്സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. യന്ത്രത്തിന്റെ ഒരു ഭാഗം വീടിന്റെ ജനലിൽ പതിച്ചപ്പോൾ ചില യന്ത്രഭാഗങ്ങൾ പരിസരത്തെ റോഡിലേക്കും വീണു.

സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിലും കോൺക്രീറ്റ് പൊടി നിറഞ്ഞു. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.