തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ പൊലീസുകാർ പരിശോധിക്കുകയാണ്. വിമാനം ലാൻഡ് ചെയ്‌ത ഉടൻ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന വിവരം അറിയിച്ചു.

അതേസമയം, കൊച്ചിയില്‍നിന്നു ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക്‌ (എല്‍.ജി.ഡബ്ല്യു) പറക്കേണ്ടിയിരുന്ന എ.ഐ. 149 വിമാനത്തിനു വ്യാജ ബോംബ്‌ ഭീഷണി. ഇന്നലെ പുലര്‍ച്ചെയാണ്‌ മുംബൈയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററിലേക്കു ബോംബ്‌ ഭീഷണി ലഭിച്ചത്‌. അലര്‍ട്ട്‌ ഉടന്‍തന്നെ കൊച്ചിയില്‍ എയര്‍ ഇന്ത്യയെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിനെയും അറിയിച്ചു. സിയാലില്‍ ബോംബ്‌ ത്രെട്ട്‌ അസസ്‌മെന്റ്‌ കമ്മിറ്റി (ബി.ടി.എ.സി) ചേര്‍ന്നു ഭീഷണി വിലയിരുത്തി വിമാനത്താവളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി ഗ്രൂപ്പ്‌, സി.ഐ.എസ്‌.എഫ്‌. എന്നിവയും എയര്‍ലൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്‌ഥരും സുരക്ഷാ പരിശോധന നടത്തി. ഇന്‍ലൈന്‍ ബാഗേജ്‌ സ്‌ക്രീനിങ്‌ സംവിധാനങ്ങള്‍ പരിശോധിച്ചാണ്‌ ഫോണ്‍ കോള്‍ തിരിച്ചറിഞ്ഞത്‌. എ.ഐ. 149 വിമാനത്തില്‍ ലണ്ടനിലേക്കു പോകാനിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷുഹൈബ്‌ (29) ആണ്‌ വിളിച്ചതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യക്കും മകള്‍ക്കും ഒപ്പം ഷുഹൈബിനെ കൂടുതല്‍ ചോദ്യംചെയ്യലിനും നിയമനടപടികള്‍ക്കുമായി പോലീസിനു കൈമാറി.
കൊച്ചിന്‍ എയര്‍പോര്‍ട്ട്‌ ബി.ടി.എ.സിയില്‍നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച്‌ വിമാനം എയര്‍ക്രാഫ്‌റ്റ് സുരക്ഷിത പാര്‍ക്കിങ്‌ പോയിന്റിലേക്കു മാറ്റി. വിമാനം വിശദമായി പരിശോധിച്ചശേഷം പറക്കലിന്‌ അനുമതി നല്‍കി.

എ.ഐ.149 വിമാനത്തിന്റെ ചെക്ക്‌-ഇന്‍ പ്രക്രിയ രാവിലെ 10.30 നു പൂര്‍ത്തിയായി. 215 യാത്രക്കാര്‍ക്കുള്ള ബോര്‍ഡിങ്‌ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഉച്ചയ്‌ക്ക് 1.25നു പുറപ്പെട്ടു. ഇന്നലെ രാവിലെ 11.50നു പുറപ്പെടേണ്ടതായിരുന്നു വിമാനം. വിമാനത്തില്‍ ബോംബ്‌ വച്ചെന്ന വ്യാജ സന്ദേശം നല്‍കി അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണു യാത്രക്കാരനെയും കുടുംബത്തെയും കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്‌.

ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തിയശേഷം ലണ്ടനിലേക്കു പോകുന്ന വിമാനത്തിലായിരുന്നു ബോബ്‌ ഭീഷണി. ഡല്‍ഹിയില്‍ വച്ചുതന്നെ വിമാനത്തില്‍ സുരക്ഷാ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടെ ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഷുഹൈബും ഭാര്യയും മകളും കൊച്ചി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ ഒന്നോടെയാണ്‌ എയര്‍ ഇന്ത്യയുടെ കസ്‌റ്റമര്‍ കെയറിലേക്ക്‌ ഷുഹൈബ്‌ ഭീഷണി സന്ദേശം അയച്ചത്‌. കഴിഞ്ഞ തവണ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ മകള്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റെന്നും അതിനാല്‍ ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്നുമായിരുന്നു സ ന്ദേശം.