എഐ ക്യാമറയ്ക്ക് മുന്നിൽ അഭ്യാസം നടത്തിയവരെ വീട്ടിൽക്കയറി പൊക്കി, ലൈസൻസ് റദ്ദാക്കി, ഒപ്പം പിഴയും

ആലപ്പുഴ: വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചും അക്കം ചുരണ്ടിയും എഐ ക്യാമറയ്ക്ക് മുന്നിൽ അഭ്യാസം കാണിക്കുന്ന വിരുതൻമാരെ മോട്ടോർ വാഹന വകുപ്പ് വീട്ടിൽ കയറി പിടികൂടി. ആലപ്പുഴയിൽ രണ്ട് യുവാക്കളെയാണ് കഴിഞ്ഞദിവസം എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടിയത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തു.

ഹെൽമറ്റും മതിയായ രേഖകളുമില്ലാതെ ക്യാമറയെ കോക്രികാട്ടുന്നത് പതിവായതോടെയാണ് ഇരുവരെയും മോട്ടോർ വാഹന വകുപ്പ് കുടുക്കിയത്. വാഹനത്തിന്റെയും ഓടിക്കുന്നവരുടെയും പിന്നിലിരിക്കുന്നവരുടെയും ഫോട്ടോകൾ പൊതുജനസഹായത്തോടെ തിരിച്ചറിഞ്ഞ് പ്രതികളിലേക്ക് പോലീസ് എത്തുകയായിരുന്നു.

സ്ഥിരം പ്രശ്നക്കാരായ നൂറ്റമ്പതോളം പേരുടെ ഫോട്ടോയും വീഡിയോയും എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് കൈമാറിയതായിട്ടാണ് അറിയുന്നത്. ഹെൽമറ്റിന്റെ സ്ട്രാപ്പ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തതിന് പിഴ ചുമത്തിയ കേസുകളിൽ ലഭി​ക്കുന്ന അപ്പീലുകളും നിരവധിയാണ്. താടിയുടെയും മഴക്കോട്ടിന്റെയും മറവിൽ ക്യാമറയിൽപ്പെടാതെ പോയ ഹെൽമറ്റിന്റെ സ്ട്രാപ്പും സാരിയുടെ പ്ലീറ്റിലും ചുരിദാർഷാളിലും മറഞ്ഞുപോയ സീറ്റ് ബെൽറ്റുമാണ് പലർക്കും വിനയായത്.