അഭിഭാഷകനോട് കൈക്കൂലി ആവശ്യപ്പെട്ടു, സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് അറസ്റ്റിൽ

മലപ്പുറം: സബ് രജിസ്ട്രാർ ഓഫീസിലെത്തിയ അഭിഭാഷകനോട് കൈക്കൂലി ആവശ്യപ്പെട്ട ഹെഡ് ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്. ഭൂമി രജിസ്‌ട്രേഷൻ അപാകതകൾ പരിഹരിക്കാൻ ഓഫീസിലെത്തിയ അഭിഭാഷകനോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു.

ഇത് കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ബിജുവിനെ പിടികൂടിയത്. ആദ്യം 5,000 രൂപയാണ് ഇയാൾ കൈക്കൂലിയായി ചോദിച്ചത്. പിന്നീട് 3,500 രൂപ ചോദിച്ചു. ഇതോടെ പരാതിക്കാരൻ വിജിലൻസിന് വിവരം കൈമാറി.

തുടർന്ന് കൈക്കൂലി നൽകാനെന്ന വ്യാജേന വിജിലൻസ് നൽകിയ നോട്ടുകളുമായാണ് ഇയാൾ ബിജുവിന്റെ അടുത്തെത്തി. ഇയാളിൽ നിന്ന് പണം വാങ്ങുന്നതിനിടെ ബിജുവിനെ കയ്യോടെ പൊക്കുകയായിരുന്നു. ബിജുവിനെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതുവരെയും നടപടികൾ ഉണ്ടായിരിക്കുന്നില്ല