കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കാട് തരൂർ-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബി.എം കുമാർ ആണ് പിടിയിൽ ആയത്.

പാലക്കാട് കുരുത്തിതോട് സ്വദേശിയായ പരാതിക്കാരന്റെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ചു നൽകുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഈ മാസം 11ന് വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാറും സ്ഥലപരിശോധന നടത്തി.

അന്നേദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 500 രൂപ കൈക്കൂലി വാങ്ങുകയും, സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ 1,000 രൂപ കൈക്കൂലി കൂടി വേണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇന്നലെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോൾ സർട്ടിഫിക്കറ്റ് ആയിട്ടില്ലെന്നും, നാളെ 1,000 രൂപയുമായി വരാനും ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ ഈവിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വില്ലേജ് ഓഫീസിൽ വെച്ച് 1,000 രൂപ കൈക്കൂലി വാങ്ങവെ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.