മാര്‍പാപ്പയ്ക്ക് ലഭിച്ച കത്തിൽ വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു

മാർപാപ്പയ്ക്ക് തപാൽ മാർഗം ലഭിച്ച കത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. കത്തിന്റെ ഉറവിടം കണ്ടെത്താൻ ഇറ്റാലിയൻ അർദ്ധസൈനിക വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പിസ്റ്റളിൽ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലിൽ ഉണ്ടായിരുന്നത്. തപാലിന് പുറത്ത് പേനകൊണ്ട് ‘പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം’, എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്.

കത്തുകൾ തരംതിരിക്കുന്നതിനിടയിൽ സംശയം തോന്നിയ തപാൽ ജീവനക്കാർ ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് തപാലിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. ഇത് ഫ്രാൻസിൽ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊർജിതമായി തുടരുകയാണ്. സംഭവത്തിൽ വത്തിക്കാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.