കല്ലട ബസ് അപകടം, ജിജോക്ക് ജീവന്‍ നഷ്ടമായത് ഭാര്യയെയും മകളെയും കൂട്ടാന്‍ പോകുന്ന വഴി

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം കേരളക്കരയാകെ ദുഖത്തിലാഴ്ത്തിയിരുന്നു. വാഗമണ്‍ കോട്ടമല ഉളുപ്പണി മണിയമ്പ്രായില്‍ ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്.

ജിജോ എട്ടുവര്‍ഷമായി എറണാകുളം ജയലക്ഷ്മി സില്‍ക്‌സിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരനാണ്. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ജിജോയുടെ ജോലി. ഭാര്യാ സഹോദരി എമിലിയുടെ വീടു പണി നടക്കുന്ന ചേര്‍ത്തലയില്‍ രണ്ടു ദിവസം മുന്‍പ് ഭാര്യയെയും ഒന്നേകാല്‍ വയസ്സുള്ള മകളെയും കൊണ്ടുപോയി വിട്ടിരുന്നു. ഞായറാഴ്ച അവധിയായതിനാല്‍ അവരെ കൂട്ടാന്‍ പോകുന്ന വഴിയാണ് ബസ് ജിജോയുടെ ജീവന്‍ കവര്‍ന്നത്. ജിജോ സെബാസ്റ്റ്യന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാരശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം.

അതേ സമയം ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പറയുന്നു.

ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ഇന്നലെ രാവിലെ അപകടത്തില്‍പ്പെട്ടത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ സഞ്ചരിച്ച 11 പേരെ തൊട്ടടുത്തുള്ള ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.