ഭിന്നശേഷിയുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർക്ക് ഏഴ് വർഷം കഠിന തടവ്

തിരുവനന്തപുരം. 14കാരനായ ഭിന്നശേഷിയുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ വെള്ളനാട് സ്വദേശി വിമല്‍ കുമാറിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടയ്ക്കുവാന്‍ പ്രതി തയ്യാറായില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2013ലാണ് കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത്.

ബസ് ഡ്രൈവറായ പ്രതി ഒട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസില്‍ ഇരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ചവറ് കളയുവാന്‍ പുറത്ത് ഇറങ്ങിയ കുട്ടിയെ പ്രതി പിടിച്ച് ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കുട്ടിയുടെ കവിളില്‍ കടിച്ചു. ഓട്ടിസത്തിന് ചികിത്സയിലിരുന്ന കുട്ടി ഭയപ്പെട്ടു ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. പിന്നീട് കുട്ടിതന്നെ പ്രതിയെ കാട്ടിക്കൊടുത്തു. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കികയായിരുന്നു.