പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമ ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാന്‍ തീരുമാനമായി. അല്‍പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പൊലീസ് നിയമ ഭേദഗതിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ വിധിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനം വരും വരെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കി. വിവാദമായ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. നിയമ ഭേദഗതി തല്‍ക്കാലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

നിയമസഭയില്‍ വിശദ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍്ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം നിയമ ഭേദഗതിക്കെതിരെ സിപിഎം കേന്ദ്രനേതൃത്വം അടക്കം രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ പിന്‍മാറുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന 118 എ വകുപ്പ് പുനഃപരിശോധിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു.