‘ഇനിയും റിസ്‌കെടുക്കാന്‍ കഴിയില്ല, ഭൂമി നല്‍കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കും’, മുഖ്യമന്ത്രിക്ക് വ്യോമയാനമന്ത്രിയുടെ കത്ത്

കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത് നൽകാൻ കൂട്ടാക്കാതെ പിണറായി സർക്കാർ. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് തുടരുകയാണ്.

ഇപ്പോഴിതാ ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഭൂമി ഏറ്റെടുത്തു നല്‍കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും വികസനത്തിനായി ആവശ്യമായ ഭൂമി ഉടന്‍ കൈമാറണമെന്നും കേന്ദ്രവ്യോമയാന മന്ത്രി കത്തില്‍ ആവശ്യപ്പെട്ടുണ്ട്.

ജൂലൈ ആദ്യവാരത്തോടെ റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി കൈമാറാം എന്നായിരുന്നു നേരത്തെ കേരളം അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2024 ജനുവരിയില്‍ പോലും ഭൂമിയേറ്റെടുത്ത് കിട്ടാന്‍ സാധ്യതയില്ലെന്നും വ്യോമയാന മന്ത്രി കത്തില്‍ പറഞ്ഞിട്ടുണ്ട്.. 2020-ല്‍ ഇരുപത് പേരുടെ മരണത്തിന് കാരണമായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇനി റിസ്‌കെടുക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കരിപ്പൂരിലെ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കു വേണ്ടിയുള്ള ഭൂമി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടില്ലെന്നാണു വ്യോമയാന മന്ത്രി കത്തില്‍ പറഞ്ഞിരിക്കുന്നത്. കരിപ്പൂരില്‍ വിമാനം തെന്നിമാറി അപകടമുണ്ടായതിന് പിറകെ പ്രത്യേക സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കരിപ്പൂരിലെ റണ്‍വേയുടെ റെസ ഏരിയയുടെ നീളം കൂട്ടണമെന്ന് വ്യക്തമാക്കിയിരുന്നതാണ്.

റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാഭൂമിയാണ് റിസ. നിലവിലെ റണ്‍വേയുടെ രണ്ട് ദിശകളിലുമായി ഭൂമിയേറ്റെടുത്താൽ മാത്രമേ റിസയുടെ വികസനം യാഥാർഥ്യമാകൂ. ഈ രീതിയിൽ റണ്‍വേയുടെ നീളം കൂടിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ സുരക്ഷിതമായി ഇറങ്ങാന്‍ ആവൂ. 2022 മാര്‍ച്ച് മുതല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ നിരന്തരം സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയിരുന്നെന്നാണ് വ്യോമയാന മന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ ഭൂമിയേറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കരിപ്പൂരിലെ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് റെസയുടെ നീളം കൂട്ടുക എന്ന നടപടിയാവും കേന്ദ്രത്തിനു സ്വീകരിക്കാൻ ആവുന്നത്. ഇങ്ങനെ ചെയ്യുന്ന പക്ഷം ചെറിയ വിമാനങ്ങള്‍ക്ക് മാത്രമേ കരിപ്പൂരില്‍ ഇറങ്ങാനാവൂ. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ അന്യമാവുകയും ചെയ്യും. ഇതു ഗള്‍ഫ് നാടുകളില്‍ കഴിയുന്ന മലബാറിലെ പ്രവാസികൾക്ക് വൻ തിരിച്ചടി ഉണ്ടാക്കും.