പിടിയിലായ ഐഎസ് ഭീകരര്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയവര്‍, രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടു

ന്യൂഡല്‍ഹി. പിടിയിലായ ഐഎസ് ഭീകരര്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയിരുന്നവരാണെന്ന് പോലീസ്. എന്‍ഐഎ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന മുഹമ്മദ് ഷാനവാസ്, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്വാന്‍ അഷ്‌റഫ് ഷാനവാസ് മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നിവരാണ് പിടിയിലായത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പിടിയിലായ ഷാനവാസ് മൈനിങ് എന്‍ജിനീയറിങ് പഠിച്ച വ്യക്തിയാണെന്നും ഇയാള്‍ക്ക് സ്‌ഫോടനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരുന്നുവെന്നുമാണ് വിവരം. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ് ഷാനവാസ്. ഇയാളുടെ ഭാര്യ വിവാഹത്തിന് മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. അവര്‍ ഇപ്പോള്‍ ഒളിവിലാണ്. പിടിയിലായ ഭീകരന്‍ മുഹമ്മദ് അര്‍ഷാദ് ജാര്‍ഖണ്ഡ് സ്വദേശിയാണ്.

അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് പൂര്‍ത്തിയാക്കിയ ഇയാള്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. മുഹമ്മദ് റിസ്വാന്‍ അഷ്‌റഫ് കംപ്യൂട്ടിര്‍ സയന്‍സില്‍ ബിടെക് ബിരുദധാരിയാണ്. ഷാനവാസടക്കം മൂന്ന് പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഡല്‍ഹി ജയ്ത്പൂരില്‍ നിന്നാണ് ഷാനവാസിനെ പിടികൂടിയത്. റിസ്വാന്‍, അര്‍ഷാദ് എന്നിവരെ ഉത്തരപ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് പിടികൂടിയത്. ഷാനവിസിന്റെ പക്കല്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി പുസ്തകങ്ങള്‍, രാസവസ്തുക്കള്‍, ബോബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എന്നിവ കണ്ടെത്തിയിരുന്നു. അതേസമയം ഷാനവാസ് ഇന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറയുന്നു.