വൈറ്റിലയിൽ നടുറോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായം ഒഴിവായത് തലനാരിഴയ്‌ക്ക്

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ സ്വദേശി മാർട്ടിൻ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന്റെ മുൻഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ടയുടൻ മാർട്ടിൻ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വൈറ്റില ഒാവർബ്രിഡ്ജിന് സമീപം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്നു മാർട്ടിൻ.

നാൽപ്പത് മിനിറ്റോളം കാർ കത്തി. വാഹനം പൂർണമായും കത്തിയതിന് ശേഷമാണ് സ്ഥലത്ത് ഫയർഫോഴ്‌സ് എത്തിയത്. സംഭവ സമയം നിരവധി വാഹനങ്ങളും പരിസരത്തുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങളും പോലീസും ചേർന്ന് പ്രദേശത്തു നിന്നും കാർ മാറ്റി.