നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഏലയ്ക്ക മോഷ്ടിച്ചു, 200 കിലോയോളം ഉണക്ക ഏലയ്ക്ക നഷ്ടമായി

നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഏലയ്ക്ക മോഷ്ടിച്ചു. 200 കിലോയോളം ഉണക്ക ഏലയ്ക്ക നഷ്ടമായതായി പരാതി. ചെമ്മണ്ണാറിലെ ഏലം പതിവ് കേന്ദ്രത്തിൽനിന്ന് കുമളിയിലെ ലേല ഏജൻസിയിലേക്ക് കൊണ്ടുപോയ ഏലയ്ക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രാത്രിയിൽ നെടുങ്കണ്ടതിനുസമീപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് സംഭവം.

യാത്രയ്ക്കിടയിൽ എപ്പോഴോ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് കയർ അറുത്തുമാറ്റി നാല് ചാക്കുകൾ റോഡിലേയ്ക്ക് ഇടുകയായിരുന്നു. ഇതിൽ ഒരു ചാക്ക് കീറി ഏലയ്ക്ക റോഡിൽ ചിതറിയതും ലോറിക്കു മുകളിൽ ആൾ ഇരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ലേല ഏജൻസിയായ സ്‌പൈസ് മോർ കമ്പനിയിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, വാഹനം പാമ്പാടുംപാറയിൽ നിർത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം ഡ്രൈവർ അറിയുന്നത്.

ലോറിക്കു പിന്നാലെ വന്ന വെള്ള മാരുതി വാനിൽ ഉണ്ടായിരുന്ന സംഘം റോഡിലേയ്ക് വീണ ഏലയ്ക്ക ചാക്കുകൾ വാനിൽ കയറ്റി കൊണ്ടുപോയതായി കരുതുന്നു. നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഏലയ്ക്കായുടെ വിലയിൽ വർധനവ് ഉണ്ടായതിൽ പിന്നെ മോഷണവും വർധിച്ചിട്ടുണ്ട്. തോട്ടങ്ങളിൽനിന്ന് ചരം ഉൾപ്പെടെ മുറിച്ചുമാറ്റി പച്ച ഏലയ്ക്ക മോഷണവും പതിവായിരിക്കുകയാണ്.