40 ലക്ഷം തട്ടി, നടന്‍ ബാബുരാജിനെതിരെ പോലീസ് കേസെടുത്തു

നടന്‍ ബാബു രാജിനെതിരെ തട്ടിപ്പ് കേസ്. റവന്യു നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി ബാബുരാജ് കബളിപ്പിച്ചു എന്നാണ് കേസ്. കോതമംഗലം തലക്കോട് സ്വദേശിയായ അരുണാണ് നടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി പെടുത്തിയെന്നും വ്യവസായിയായ അരുണ്‍ പരാതിയില്‍ പറയുന്നു. അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തു.

മൂന്നാര്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള് വൈറ്റ് മിസ്റ്റ് എന്ന പേരിലുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 2020ലെ ലോക്ക്ഡൗണിന് തൊട്ടുമുമ്പ്, ബാബുരാജ് ഈ റിസോര്‍ട്ട് അരുണിന് പാട്ടത്തിന് നല്‍കി 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങിക്കുകയായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല.

അതേസമയം, റിസോര്‍ട്ടിന് മൂന്ന് ലക്ഷം രൂപ വീതം 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്ന് ബാബുരാജ് പറയുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ബാബുരാജ് എത്തിയില്ലെന്ന് അടിമാലി പൊലീസ് പഅറിയിച്ചു.