തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്; കേസില്‍ നടപടികള്‍ എന്തുകൊണ്ട് വൈകുന്നു- ഹൈക്കോടതി

കൊച്ചി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ നടപടികള്‍ വൈകുന്നത് എന്തെന്ന് ഹൈക്കോടതി. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും വിചാരണ വേഗത്തിലാക്കുവാനും ഹൈക്കോടതി നിര്‍ദേശിച്ചു.

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ ഹൈക്കോടതി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഇക്കാര്യത്തില്‍ ഇടപെടുവാന്‍ കഴിയുമോ എന്ന തര്‍ക്കം ആയിരുന്നു കാരണം. ഈ കാര്യം സര്‍ക്കാര്‍ക്കാരും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ഹര്‍ജിക്കാരന്‍ എതുര്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഹര്‍ജിക്ക് നമ്പറിട്ട് നല്‍കുവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

വിഷയത്തെ ഹൈക്കോടിതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാണ്. നേരത്തെ കേസിലെ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചിരുന്നു. 16 വര്‍ഷമായി കേസില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. 22 തവണയാണ് കേസ് പരിഗണിച്ചത്. എന്നാല്‍ വിചാരണയില്‍ പങ്കെടുക്കുവാന്‍ ആന്റണി രാജു തയ്യാറായിരുന്നില്ല.