വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്, സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ഫിനാൻസ് ചുമതല വഹിച്ചവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തുടർച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

പിണറായി വിജയന്‍റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്.

കേസിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിരുന്നു. സേവനത്തിനായി 1.75 കോടി എക്‌സാലോജിക്കിനും വീണ വിജയനും നൽകിയെന്നായിരുന്നു മൊഴി. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിനുള്ള നൽകിയ പണമാണിതെന്നതിലേക്കാണ് ഇഡി അന്വേഷണം നടക്കുന്നത്.