വനിതാ ഹോക്കിയില്‍ തോറ്റത് ധാരാളം ദളിതര്‍ ഉള്ളതിനാല്‍, ഹോകി താരം വന്ദന കടാരിയക്ക് നേരെ വംശീയ അധിക്ഷേപം

ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ വനിത താരത്തിനും കുടുംബത്തിനും നേര്‍ക്ക് വംശീയ അധിക്ഷേപം ചൊരിഞ്ഞ് സവര്‍ണര്‍. വന്ദന കടാരിയക്കാണ് ഹീനമായ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഹോകിക്ക് വേണ്ടി സര്‍വവും ത്യജിച്ച വന്ദനയ്ക്ക് ടോകിയോ ഒളിമ്ബിക്സിന് മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവിനെ നഷ്ടമായത്. ബുധനാഴ്ചയാണ് വന്ദനയുടെ കുടുംബത്തിന് നേര്‍ക്ക് രണ്ട് സവര്‍ണ സമുദായാംഗങ്ങള്‍ വംശീയ അധിക്ഷേപം നടത്തിയത്. ഒളിമ്ബിക്സില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടന്ന സെമി ഫൈനലില്‍ ഇന്ത്യ പരാജയപെടാന്‍ കാരണം ടീമില്‍ ധാരാളം ദളിതര്‍ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.

വന്ദനയുടെ സഹോദരന്‍ ശേഖറിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. സെമി ഫൈനലില്‍ 2-1ന് അര്‍ജന്റീനയോട് ഇന്ത്യ പരാജയപെട്ട ഉടനെ വീടിന് പുറത്ത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പുറത്തുവന്ന കുടുംബാംഗങ്ങള്‍ സവര്ണരായ രണ്ട് പേര്‍ സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഇരുവരും അതെ ഗ്രാമവാസികള്‍ തന്നെയാണെന്ന് ശേഖര്‍ പറഞ്ഞു.

പുറത്തുവന്ന കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഇന്ത്യന്‍ ടീമില്‍ ദലിതര്‍ ഉള്ളതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ശേഖര്‍ പറഞ്ഞു. റോഷ്‌ന ബാദ് ഗ്രാമത്തിലെ സിദ്കുല്‍ പൊലീസ് സ്റ്റേഷനില്‍ ശേഖര്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം വന്ദനയ്ക്കും കുടുംബത്തിനും നേരെയുണ്ടായ വംശീയ അധിക്ഷേപത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രക്ഷോഭം അലയടിക്കുകയാണ്. നിരവധി പ്രമുഖര്‍ വന്ദനയ്ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു.