വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതി ഗർഭിണിയായതോടെ അലസിപ്പിക്കാൻ ഭീഷണി; സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സുഭാഷിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്

മലപ്പുറം സ്വദേശിയായ യുവതി ഒരു സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാളെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയായതോടെ അത് ഒഴിവാക്കാൻ നിർബന്ധിച്ചു.

യുവതി ഇതിന് വഴങ്ങിയില്ല. വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ഗര്‍ഭം ഒഴിവാക്കിയില്ലെങ്കില്‍ യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി കസ്റ്റഡിയില്‍ വിട്ടു.