ജമ്മു കാശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. എപ്പോള്‍ വേണമെങ്കിലും ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ ഏകദേശം പൂര്‍ത്തിയായതായും പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍ തിരിച്ച് നല്‍കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കാശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള സമയക്രമം വ്യക്തമാക്കണമെന്ന് ചൊവ്വാഴ്ച കോടതി പറഞ്ഞിരുന്നു. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകള്ളഞ്ഞത്.